രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ പിൻവലിച്ചു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർ.ബി.ഐ) യുടേതാണ് തീരുമാനം. സെപ്റ്റംബർ 30 വരെ നോട്ടുകൾ മാറ്റിയെടുക്കാമെന്ന് ആർ.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും.
നിലവിൽ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകൾ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.2000ത്തിന്റെ നോട്ടുകൾ ഉപഭോക്താക്കൾക്ക് നൽകുന്നത് നിർത്തണമെന്ന് ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
2000ത്തിന്റെ നോട്ടുകൾ 20,000 രൂപയ്ക്കുവരെ ഒറ്റത്തവണ ബാങ്കുകളിൽനിന്ന് മാറ്റാം. മേയ് 23 മുതൽ ഇത്തരത്തിൽ മാറ്റിയെടുക്കാൻ സാധിക്കും. 2023 സെപ്റ്റംബർ 30 വരെ 2000-ത്തിന്റെ നോട്ടുകൾ നിക്ഷേപിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും ബാങ്കുകൾ സൗകര്യം ഒരുക്കും. 2018-ന് ശേഷം 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. നോട്ടുകൾ അച്ചടിച്ച ലക്ഷ്യം കൈവരിച്ചെന്നും ആർ.ബി.ഐ. അറിയിച്ചു.
2016 നവംബർ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് 500 ന്റെയും 1000ത്തിന്റെയും നോട്ടുകൾ നിരോധിച്ചത്. തുടർന്ന് 500 -ന്റെയും 2000ത്തിന്റെയും പുതിയ നോട്ടുകൾ അവതരിപ്പിച്ചു. നോട്ടുകൾ മാറ്റിയെടുക്കാൻ അന്ന് ബാങ്കുകൾക്കും എടിഎമ്മുകൾക്കും മുമ്പിൽ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന് അവതരിപ്പിച്ച 2000-ത്തിന്റെ നോട്ടുകളാണ് ഇപ്പോൾ പിൻവലിച്ചിട്ടുള്ളത്.