കേരള PSC യിൽ വൺ ടൈം രജിസ്ട്രേഷൻ നടത്തുന്നതിന് വലിയ പ്രയാസങ്ങളൊന്നുമില്ല. അതിൻ്റെ വഴികൾ താഴെ കൊടുക്കുന്നു.PSC പരീക്ഷകൾക്ക് വേണ്ടി അപേക്ഷിക്കാൻ വേണ്ട പ്രാഥമിക പടിയാണ് വൺ ടൈം രജിസ്ട്രേഷൻ. www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ സ്വന്തമായി തന്നെ വൺടൈം രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്.നിലവിൽ 50 ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ പ്രസ്തുത പോർട്ടലിലൂടെ രജിസ്റ്റർ ചെയ്തു കഴിഞ്ഞിരിക്കുന്നു..
എന്താണ് വൺ ടൈം രജിസ്ട്രേഷൻ..??
www.keralapsc.gov.in എന്ന വെബ്സൈറ്റിലൂടെ അല്ലെങ്കിൽ https://thulasi.psc.kerala.gov.in/thulasi/ ലിങ്കിലൂടെ രജിസ്ട്രേഷൻ നടത്തുക.രജിസ്ട്രേഷൻ നടത്തിയ ഉദ്യോഗാർത്ഥികൾക്ക് ഒരു യൂസർ ഐഡിയും പാസ്‌വേർഡും ലഭിക്കുന്നതാണ്. പി. എസ്. സി പരീക്ഷകൾക്കുള്ള അപേക്ഷ സമർപ്പണം മുതൽ പരീക്ഷയ്ക്ക് ഹാജരാകുമെന്ന് ഉറപ്പിക്കുന്നതിനുള്ള കൺഫർമേഷൻ നൽകുന്നതും കൺഫർമേഷൻ നൽകിയ ഉദ്യോഗാർത്ഥികൾ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ്, ഇന്റർവ്യൂ മെമ്മോ, പ്രാക്ടിക്കൽ ടെസ്റ്റ് മെമ്മോ തുടങ്ങിയവയെല്ലാം ഡൗൺലോഡ് ചെയ്ത് എടുക്കുന്നതും രജിസ്റ്റർ ചെയ്ത പ്രൊഫൈൽ യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആണ്.സമർപ്പിച്ച അപേക്ഷകളുടെ ഓരോ ഘട്ടത്തിലേയും അവസ്ഥ പ്രൊഫൈലിലൂടെ ഉദ്യോഗാർത്ഥികൾക്ക് അറിയാനും കഴിയും.
വൺ ടൈം രജിസ്ട്രേഷൻ ചെയ്യുന്നത് എങ്ങനെ?
പുതിയ രജിസ്ട്രേഷൻ നടത്തുന്നതിന് 5 ഘട്ടങ്ങളുണ്ട്. ആദ്യഘട്ടം പൂർത്തിയാകുമ്പോഴേക്കും ഉദ്യോഗാർഥിക്ക് യൂസർ ഐഡിയും പാസ്‌വേഡും ലഭിക്കും.
ഒന്നാം ഘട്ടം
പുതുതായി ഒറ്റത്തവണ രജിസ്ട്രേഷൻ നടത്താനുദ്ദേശിക്കുന്ന ഉദ്യോഗാർത്ഥികൾ കേരള പി. എസ്. സി യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in യുടെ ഹോം പേജിൽ കാണുന്ന വൺടൈം രജിസ്ട്രേഷൻ ലിങ്ക് ക്ലിക്ക് ചെയ്യുക. ( https://thulasi.psc.kerala.gov.in/thulasi/ )അപ്പോൾ ദൃശ്യമാകുന്ന രജിസ്ട്രേഷൻ ലോഗിൻ പേജിൽ Log In എന്ന് കാണുന്നതിന്റെ താഴെ New Registration എന്ന് കാണാം ആ ലിങ്ക് ക്ലിക്ക് ചെയ്യുക. അപ്പോൾ രജിസ്ട്രേഷന്റെ ആദ്യപേജ് ദൃശ്യമാകും. പ്രസ്തുത പേജിൽ ഉദ്യോഗാർത്ഥി തന്റെ പേര് ജനന തീയതി ലിംഗം പിതാവിന്റെയും മാതാവിന്റെയും പേര്, മതം, ജാതി, തിരിച്ചറിയൽ രേഖ (ആധാർ നമ്പർ ലഭ്യം ആയിട്ടുണ്ടെങ്കിൽ അതാണ് തിരിച്ചറിയൽ രേഖയായി നൽകേണ്ടത്) തുടങ്ങിയ പ്രാഥമിക വിവരങ്ങൾ രേഖപ്പെടുത്തി യൂസർ ഐഡിയും പാസ്‌വേർഡും നേടേണ്ടതാണ്. ഇതോടുകൂടി ആദ്യഘട്ടം പൂർത്തിയായി കഴിഞ്ഞു. അതിനു ശേഷം Registered User Login പേജിലൂടെ യൂസർ ഐഡിയും പാസ്‌വേർഡും നൽകി ലോഗിൻ ചെയ്ത് ബാക്കി നാല് ഘട്ടങ്ങളും പൂർത്തീകരിക്കാവുന്നതാണ്. ആദ്യഘട്ടത്തിൽ തെറ്റുകൾ ഉണ്ടെങ്കിൽ അത് തിരുത്തിയതിനു ശേഷം Save & Proceed ബട്ടൺ ക്ലിക്ക് ചെയ്ത് രണ്ടാം ഘട്ടത്തിലേക്ക് കടക്കാവുന്നതാണ്.
രണ്ടാം ഘട്ടം
രണ്ടാം ഘട്ടത്തിൽ അഡ്രസ്സ്, ഇ-മെയിൽ, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളാണ് രേഖപ്പെടുത്തേണ്ടത്. അതിനുശേഷം Save & Proceed ബട്ടൺ ക്ലിക്ക് ചെയ്ത് മൂന്നാമത്തെ സ്റ്റെപ്പിലേക്ക് കടക്കാം.
മൂന്നാം ഘട്ടം
ആദ്യത്തെ രണ്ട് ഘട്ടങ്ങളും പൂർത്തിയായി കഴിഞ്ഞാൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കാം. പേരും ഫോട്ടോ എടുത്ത തീയതിയും രേഖപ്പെടുത്തിയിട്ടുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യലാണ് മൂന്നാംഘട്ടം. അതിനായി ഇതു സംബന്ധിച്ച ഇൻസ്ട്രക്ഷൻ വായിച്ചു നോക്കി, I Agree ടിക് രേഖപ്പെടുത്തി Next ബട്ടൺ ക്ലിക്ക് ചെയ്യണം. Select File to Upload എന്നിടത്ത് Browse എന്ന് കാണാം അവിടെ ക്ലിക്ക് ചെയ്ത് നാം നേരത്തെ തയ്യാറാക്കി വെച്ച ഫോട്ടോ സെലക്ട് ചെയ്യണം.150px X 200px വിസ്തൃതിയിൽ 30KB സൈസിൽ കൂടാത്ത ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോ അപ്‌ലോഡ് ചെയ്തതിന് ശേഷം ഫോട്ടോയിലെ പേരും തിയ്യതിയും അതിന്റെ വലത് ഭാഗത്ത് കാണുന്ന കള്ളികളിൽ രേഖപ്പെടുത്തിയ ശേഷം ഡിക്ലറേഷനുകൾ ടിക് ചെയ്ത ശേഷം Save & Proceed ബട്ടൺ ക്ലിക്ക് ചെയ്യണം. ഫോട്ടോയെ എങ്ങനെ എളുപ്പം റിസൈസ് ചെയ്ത് പേരും ഫോട്ടോ എടുത്ത തിയ്യതിയും ഉൾപ്പെടുത്താം? ഗൂഗിളിൽ PSC photo resizer എന്ന് സെർച് ചെയ്യുമ്പോൾ ആദ്യം കാണുന്ന പേജിൽ കയറുക ( pscphoto646.u.in പോലുള്ള സൈറ്റ് ). നമ്മൾ എടുത്ത പാസ്പോർട് സൈസിലുള്ള ഫോട്ടോ അതിൽ അപ്‌ലോഡ് ചെയ്ത് താഴെ കാണുന്ന കോളങ്ങളിൽ പേരും ഫോട്ടോ എടുത്ത തിയ്യതിയും രേഖപ്പെടുത്തി സേവ് ചെയ്താൽ മതിയാവും.ഇതുപോലെ തന്നെ കയ്യൊപ്പും നമുക്ക് റിസൈസ് ചെയ്യാം. അതിന് ആ പേജിലെ മെനുബാറിൽ Kerala PSC Exams എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. അതിന് ശേഷം Resize Signatures Kerala PSC Exams എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് കയ്യൊപ്പിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്യുക. ശേഷം അത് സേവ് ചെയ്ത് വെക്കുക.
നാലാം ഘട്ടം
നാലാം ഘട്ടത്തിൽ സ്കാൻ ചെയ്ത കൈയ്യൊപ്പാണ് അപ്‌ലോഡ് ചെയ്യേണ്ടത്. കയ്യൊപ്പ് 150px X 100px വിസ്തൃതിയിലുള്ള ഫോട്ടോ ആയിരിക്കണം ഇതിന്റെ വലിപ്പവും 30 KB യിൽ കവിയരുത്. നേരത്തെ തയ്യാറാക്കി വെച്ച കയ്യൊപ്പിന്റെ ഫോട്ടോ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞാൽ അവസാനഘട്ടത്തിലേക്ക് കടക്കാം.
അവസാന ഘട്ടം
അവസാന ഘട്ടത്തിൽ നാം അതുവരെ രേഖപ്പെടുത്തിയ എല്ലാ വിവരങ്ങളും കാണാം. നൽകിയ വിവരങ്ങൾ ശ്രദ്ധാപൂർവ്വം വായിച്ചുനോക്കി തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ ഇടതുവശത്തുള്ള സ്റ്റെപ്പ് ബട്ടണുകളിൽ ക്ലിക്ക് ചെയ്ത് ഏത് ഘട്ടത്തിലെ വിവരങ്ങളും തിരുത്തുവാൻ സാധിക്കും.
തെറ്റുകൾ ഇല്ല എന്ന് ഉറപ്പു വരുത്തിയതിനു ശേഷം ഡിക്ലറേഷനിൽ I Agree ടിക്ക് ചെയ്തശേഷം Print Registration Details ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ വിവരങ്ങളുടെ പ്രിന്റ് എടുത്ത് സൂക്ഷിക്കാം (നിർബന്ധമില്ല). അതിനുശേഷം Submit ബട്ടൺ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കാം Submit ബട്ടൺ ക്ലിക്ക് ചെയ്താൽ മാത്രമേ രജിസ്ട്രേഷൻ പൂർണ്ണമാകുകയുള്ളൂ.
ഏത് യോഗ്യതയുള്ളവർക്കും ഇപ്പോൾ അപേക്ഷിക്കാവുന്ന പ്രധാനപ്പെട്ട ജോലി ഒഴിവുകൾ Click Here