കേരള PSC യുടെ പുതിയ പരീക്ഷാതീയതികളും, സിലബസ് വിവരങ്ങളും ചുവടെ കൊടുത്തിരിക്കുന്നു
2022-ൽ നടന്ന പത്താംതലം, പന്ത്രണ്ടാംതലം, ബിരുദതല പൊതുപ്രാഥമിക പരീക്ഷയെ തുടർന്നുള്ള സാധ്യതാപട്ടികകൾ 2023 ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പ്രസിദ്ധീകരിക്കും. സാധ്യതാപട്ടികയിൽ ഉൾപ്പെട്ടവർക്കുള്ള മുഖ്യപരീക്ഷകൾ 2023 ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ നടത്തുന്നതാണ്. വിശദമായ സിലബസും ടൈംടേബിളും തിങ്കളാഴ്ച (16.01.2023) വെബ്സൈറ്റിൽ പ്രസിദ്ദീകരിക്കും.
കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ്, കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപറേഷനിൽ ഫീൽഡ് ഓഫീസർ, പോലീസ് വകുപ്പിൽ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തസ്തികകളുടെ പൊതുപ്രാഥമിക പരീക്ഷകൾ 2023 ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്തും. ഈ തസ്തികകളുടെ സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്ക് കാറ്റഗറി അനുസരിച്ച് വെവ്വേറെ മുഖ്യപരീക്ഷകൾ നടത്തുന്നതാണ്. യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, ഫീൽഡ് ഓഫീസർ തസ്തികകളുടെ മുഖപരീക്ഷകൾ 2023 ജൂലൈ മാസത്തിലും സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് തസ്തികയുടെ മുഖ്യപരീക്ഷകൾ 2023 ആഗസ്ത് മാസത്തിലും നടത്തുന്നതാണ്
വിവിധ ബറ്റാലിയനുകളിലെ പോലീസ് കോൺസ്റ്റബിൾ, വനിതാ സിവിൽ പോലീസ് തസ്തികകളുടെ പരീക്ഷകൾ. 2023 ജൂൺ, ജൂലൈ മാസങ്ങളിൽ നടത്തുന്നതാണ്. ഈ തസ്തികകൾക്ക് പ്രാഥമിക പരീക്ഷകൾ ഉണ്ടായിരിക്കുന്നതല്ല.
യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെർവന്റ് തസ്തികയുടെ പ്രാഥമിക പരീക്ഷ 2023 ജൂലൈ, ആഗസ്ത് മാസങ്ങളിൽ വിവിധ ഘട്ടങ്ങളിലായി നടത്തും. സാധ്യതാപട്ടികയിൽ ഉൾപ്പെടുന്നവർക്കുള്ള മുഖ്യപരീക്ഷ 2023 ഒക്ടോബർ മാസം നടത്തുന്നതാണ്. ഇതിനോടകം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ള പത്ത്, പന്ത്രണ്ട്, ബിരുദം യോഗ്യതകളുള്ള മറ്റു തസ്തികകളുടെ പരീക്ഷകൾ 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി നടത്തുന്നതാണ്. പ്രധാന തസ്തികകളുടെ പരീക്ഷകൾ സംബന്ധിച്ച് സാധ്യതാ തീയതികളാണ് കമ്മിഷൻ പ്രഖ്യാപിച്ചിട്ടുള്ളത്. വിശദമായ സമയവിവരപട്ടിക അതത് സമയങ്ങളിൽ പ്രസിദ്ധീകരിക്കുന്നതാണ്.